Institutions

ഹാദിയ വിമൻസ് അക്കാഡമി

മുസ്‌ലിം സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയ അനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമാണ് ഹാദിയ വിമന്‍സ് അക്കാദമി. ഇസ്‌ലാമിക സംസ്‌കാരത്തിലൂന്നി നിന്നുള്ള വനിതാ ശാക്തീകരണം എന്ന ആശയ സാക്ഷാത്കാരമാണ് ഹാദിയ ലക്ഷ്യമിടുന്നത്. ജ്ഞാന ധന്യരായ വനിതകള്‍ക്ക് കുടുംബത്തിലും അതുവഴി സമൂഹത്തിലും സൃഷ്ടിക്കാവുന്ന ഗുണപരമായ പരിവര്‍ത്തനങ്ങള്‍ ഏറെയാണ്. മുത്ത് നബിക്ക് പ്രിയ പത്‌നി ബീവി ഖദീജയില്‍ നിന്ന് ലഭിച്ച പ്രചോദനവും പിന്തുണയും ചരിത്രം ഏറെ ആവേശ പൂര്‍വമാണ് പരിചയപ്പെടുത്തുന്നത്. ഡിവൈസുകളിലഭിരമിച്ച് ജീവിതം ആനന്ദതുന്ദിലമാക്കുന്ന പുതുതലമുറയെ നേരിന്റെ വഴിയിലേക്ക് നയിക്കാനുള്ള ബോധന ദൗത്യങ്ങള്‍ വീട്ടകങ്ങളില്‍ നിന്നുതന്നെ തുടങ്ങണം. ഹാദിയ സഹോദരിക്ക് ഈ മഹാദൗത്യത്തില്‍ പങ്കാളിയാവാന്‍ കഴിയുമെന്ന് അര്‍ദ്ധശങ്കക്കിടയില്ലാതെ ഞങ്ങൾ വിശ്വസിക്കുന്നു. വിരസ നിമിഷങ്ങളില്‍ മൊബൈലും ടെലിവിഷനും അശ്വാസത്തുരുത്തായിക്കാണുന്ന ഹതഭാഗ്യര്‍ ഏറെയാണിന്ന്. അറിവിന്റെ അഭാവമോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ധമോ കാരണമായി ഫലശൂന്യമായ ആസ്വാദനങ്ങളില്‍ മുഴുകി ആത്മീയ സൗഭാഗ്യങ്ങളില്‍ നിന്നകന്നു സഞ്ചരിക്കുന്നവരെ നന്‍മയുടെ നിതാന്ത പ്രതീകങ്ങളാക്കുക, അവസരങ്ങള്‍ ഗുണപരമായി ഉപയോഗപ്പെടുത്തി അറിവുകള്‍ നേടുന്നവര്‍ക്ക് ഇനിയും ചില വിജ്ഞാനങ്ങള്‍ നേടുക തുടങ്ങിയ സന്തോഷകരമായ റിസള്‍ട്ട് പ്രതീക്ഷിച്ചാണ് ഹാദിയ സംവിധാനിച്ചിരിക്കുന്നത്. അവിചാരിത കാരണങ്ങളാല്‍ സ്വന്തമാക്കാന്‍ കഴിയാതെ പോയ അറിവുകളും ആദര്‍ശ പാഠങ്ങളും നേടാന്‍ ഹാദിയ അവസരമൊരുക്കുന്നു. വിശ്വാസം -വ്യക്തിത്വം – സംസ്‌കരണം എന്നീ മൂന്ന് തലവാചകങ്ങളിലധിഷ്ഠിതമായാണ് കോഴ്‌സിലെ പാഠ്യ പദ്ധതികളും അനുബന്ധ പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്.